തലയോലപ്പറമ്പ്: മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും സിഐഡി ഭായിയെന്നു വിളിപ്പേരുള്ള പഞ്ചാബിയായ ബാൽകിഷൻസിംഗിനെ മറക്കാൻ തലയോലപ്പറമ്പുകാർക്കാകുന്നില്ല. വേഷപ്രച്ഛന്നതയിലൂടെ തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും സുപരിചിതനായ പാലാംകടവ് മുണ്ടമ്പള്ളി കെ.സി.സാബുവെന്ന കലാകാരനിലൂടെ സിഐഡി ഭായി വീണ്ടും നിരത്തിൽ നിറയുന്നു. നാലു പതിറ്റാണ്ടു മുമ്പ് തലയോലപ്പറമ്പിലെത്തിയ ഭായിയെ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്തും വ്യാപാരസ്ഥാപനത്തിന്റെ പരസ്യചിത്രത്തിലെ മുഖശ്രീയായും തലയോലപ്പറമ്പ് ബാൽകിഷൻസിംഗിനെ നെഞ്ചേറ്റി.
ജനമനസിൽ നിറഞ്ഞുനിൽക്കുന്ന സിഐഡി ഭായിയുടെ വേഷപ്പകർച്ചയിൽ കെ.സി.സാബു തെരുവോരത്തും കടകളിലും കടന്നുവന്നപ്പോൾ ജനങ്ങൾ വിസ്മയഭരിതരായി. ഭായിയുടെ ചൂടും ചൂരുമറിഞ്ഞ തെരുവുനായ ഭായിയല്ലെന്ന് മണത്തറിഞ്ഞ് സാബുവിന്റെ നേർക്ക് കുരച്ചുചാടിയതും ജനങ്ങളിൽ കൗതുകമുണർത്തി.
നാലു പതിറ്റാണ്ട് കൈയിൽ വടിയേന്തി തെരുവിലലഞ്ഞ തലയോലപ്പറമ്പുകാരുടെ പ്രിയപ്പെട്ട ഭായി കഴിഞ്ഞ ജൂലൈ 20നാണ് മരിച്ചത്. അനാഥനായി തലയോലപ്പറമ്പിലെത്തിയ സിഐഡി ഭായിക്ക് തലയോലപ്പറമ്പ് നിവാസികൾ പൊതുദർശനത്തോടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി.
മണക്കുന്നം എസ്എൻഡിപിയുടെ പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയിലാണ് കെ.സി.സാബു സിഐഡി ഭായിയായി വേഷമിട്ടത്. പിന്നീട് പലതവണ തലയോലപ്പറമ്പ് ടൗണിൽ ഭായിയായി എത്തി ജനശ്രദ്ധയാകർഷിച്ചു.
തലയോലപ്പറമ്പിൽ ടയർ പഞ്ചർ കടയിലെ ജോലിയോടൊപ്പം നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള സാബു ഘോഷയാത്രകളിൽ സമകാലിക പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രച്ഛന്ന വേഷങ്ങൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത് .
തലയോലപ്പറമ്പിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന വടയാർ ഗോപി, രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച സരിത നായർ തുടങ്ങിയ വേഷങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ നേടി. ഭാര്യ മിനിയും മകൻ സച്ചിൻ സാബുവും പൂർണ പിന്തുണ നൽകുന്നു.